Kerala News Top News

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് നാളെ റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നാളെ പാലക്കാട് നടക്കും. മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പാലക്കാട് നഗരം. പ്രചരണത്തിനായി പ്രധാനമന്ത്രി തന്നെ കളത്തിലിറങ്ങുന്നതോടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് സ്വരൂപിച്ച് സ്വന്തമാക്കാമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. നാളെ രാവിലെ 10.15ന് മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് പ്രധാനമന്ത്രി വന്നിറങ്ങുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നിലവില്‍ വന്‍ സുരക്ഷാ സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം ഇതിനോടകം ബാരിക്കേഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന പാതയിലെ ടാറിംഗ് പ്രവര്‍ത്തിയും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുന്നതോടെ മണ്ഡലത്തിലെ എന്‍ഡിഎയുടെ വിജയസാധ്യത വര്‍ദ്ധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ബിജെപിക്ക് വലിയ സ്വാധീനമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം ഇത് കൂടി പ്രയോജനപ്പെടുത്താനായാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാര്‍ നേടുമെന്നാണ് ബിജെപി ക്യാമ്പിന്റെ വിശ്വാസം.

Related Posts

Leave a Reply