കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്. 90 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേതന വർധനവിനും 65 ലക്ഷം വരുന്ന പെൻഷനേർസിന് പെൻഷൻ വർധനവിനും വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. എന്നാൽ ആരൊക്കെയാവും സമതിയിലെ അംഗങ്ങളെന്നോ എന്ന് സമിതിയെ രൂപീകരിക്കുമെന്നോ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെട്ട സമിതിയെ ഉടൻ തീരുമാനിക്കുമെന്നാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
1947 മുതലാണ് ശമ്പള കമ്മീഷനെ രൂപീകരിച്ച് തുടങ്ങിയത്. 2014 ലാണ് അവസാനം ഇത്തരത്തിൽ കമ്മീഷനെ രൂപീകരിച്ചത്. 2016 ജനുവരി ഒന്നിന് പുതിയ ശമ്പള പരിഷ്കരണം നടപ്പിക്കാുകയും ചെയ്തു. ഒരു ലക്ഷം കോടി രൂപയുടെ അധിക ചെലവാണ് ഇതിലൂടെ കേന്ദ്രസർക്കാരിന് ഉണ്ടായത്.
പെൻഷൻകാരുടെ പെൻഷനും ജീവനക്കാരുടെ വേതനവും പ്രതിഫലവും നിശ്ചയിക്കുന്നതിനാണ് പതിവായി ശമ്പള കമ്മീഷനെ നിയമിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2025 ഡിസംബറിലാണ് അവസാനിക്കുക. ഇതിന് ഒരു വർഷം ബാക്കിനിൽക്കെയാണ് കേന്ദ്രസർക്കാർ പുതിയ കമ്മീഷന് അനുമതി നൽകിയത്. അതിനാൽ തന്നെ നിർദ്ദേശങ്ങളും ശുപാർശകളും അടക്കം പരിശോധിക്കാനും തീരുമാനമെടുക്കാനും പുതിയ സമിതിക്ക് ആവശ്യത്തിന് സമയം ലഭിക്കുമെന്ന് ഉറപ്പാണ്.
പുതിയ ശമ്പള കമ്മീഷനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തും. ഇതിന് പുറമെ ജീവനക്കാരുടെ സംഘടനകളടക്കം തത്പര കക്ഷികളുമായും ചർച്ച നടത്തും. ഓരോ പത്ത് വർഷ കാലയളവിലാണ് കേന്ദ്രസർക്കാർ ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ കമ്മീഷനെ വെക്കാറുള്ളത്. ഇതിൽ ഡിഎ വർധന സംബന്ധിച്ചും തീരുമാനമെടുക്കും. ഇതിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാനും ജീവനക്കാർക്കും പെൻഷൻകാർക്കും സഹായം ലഭിക്കും.