പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രൈൻ ഔദ്യോഗിക സന്ദർശനത്തിന് യാത്ര തിരിച്ചു. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷിക ആഘോഷങ്ങളിൽ മോദി ഭാഗമാകും. പോളണ്ട് പ്രസിഡന്റ് ആൻദ്രെജ് ദുഡെയുമായും പ്രധാനമന്ത്രി ഡോണൾഡ് ടസ്‌കുമായും നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.
പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാജ്യതലസ്ഥാനമായ വാർസോയിൽ ആണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. വാർസോയിൽ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.
യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി തുടർന്ന് യുക്രൈനിലും എത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്.അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും ആശയ വിനിമയം നടത്തും.