തിരുവനന്തപുരം: പോലീസിന്റെ പ്രവർത്തനങ്ങൾ ഓഡിയോ /വീഡിയോ വഴി പൊതുജനങ്ങൾ ചിത്രീകരിക്കുന്നത് തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 33 പ്രകാരം പോലീസിനും പൊതുജനങ്ങൾക്കും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ/ വീഡിയോ അല്ലെങ്കിൽ/ ഇലക്ട്രോണിക് റെക്കോർഡുകൾ എടുക്കാൻ അവകാശം ഉണ്ടെന്നും അതിനാൽ പൊതുജനങ്ങൾ പോലീസ് പ്രവർത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിന് തടയാൻ പാടില്ലെന്ന് ഡിജിപി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ സർക്കുലർ വീണ്ടും പുറത്തിറക്കിയത് പോലീസ് സേനാംഗങ്ങൾ പൊതുജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സർക്കുലറിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡിജിപി സർക്കുലർ പറയുന്നു
