തിരുവനന്തപുരം: പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പൊലീസ്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നിൽക്കുന്നത് തങ്കമണി ചോദ്യം ചെയ്യിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തൗഫീഖ് തങ്കമണിയുടെ കമ്മൽ ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. തങ്കമണിയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തിൽ പുതപ്പിച്ചതിന് ശേഷമാണ് തൗഫീഖ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോടെത്തിയത്. തമ്പാനൂർ സ്റ്റേഷനിൽ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുണ്ടായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിൽ കീറലുകളുമുണ്ടായിരുന്നു.
തങ്കമണി ഒറ്റയ്ക്കാണ് താമസമെങ്കിലും പരിസരത്ത് സഹോദരങ്ങളും താമസമുണ്ട്. ഇവരിൽ ഒരാളുടെ വീടിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ പൂജ ചെയ്യാൻ പൂപറിക്കാൻ പോകുന്ന ശീലമുണ്ടായിരുന്ന തങ്കമണിയെ ഇതിനിടെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. പൂക്കളും ചെരിപ്പുമെല്ലാം മൃതദേഹത്തിന് സമീപത്ത് ചിതറിക്കിടന്നിരുന്നു. തങ്കമണി ധരിച്ച കമ്മലും നഷ്ടപ്പെട്ടിരുന്നു.