കൊച്ചി: പോക്സോ കേസുകളില്‍ നഷ്ടപരിഹാരം നല്കാന് വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ മതിയായ പണമുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നിലവിലെ അപേക്ഷകളില്‍ തുക വിതരണം ചെയ്യാനുള്ള പണം ഉടന്‍ അനുവദിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. ആറ് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനുള്ളത് കണക്കാക്കിയാണ് നിര്‍ദേശം.
ലൈംഗികാതിക്രമത്തിനിരയായ രണ്ട് കുട്ടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എടുത്ത തീരുമാനം സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അംഗീകരിക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കെല്‍സ മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് കൈമാറാനും നിര്‍ദേശം നല്കി.
നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ പ്രത്യേക സ്കീം രൂപീകരിക്കുന്നത് വരെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസ് അടക്കമുള്ള ലൈംഗികാതിക്രമകേസില്‍ എഫ്ഐആര്‍ ഇട്ടാൽ ഉടന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ അറിയിക്കണം, നഷ്ട പരിഹാരം നല്കാന് ഉത്തരവിടണമെന്ന പോക്സോ ആക്ടിലെ വ്യവസ്ഥ പോക്സോ കോടതികള്‍ പാലിക്കണം.
