പത്തനംതിട്ട – പൊലീസ് സ്റ്റേഷനില്‍ ഹൃദ്രോഗിയായ മധ്യവയസ്‌കനെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപണം. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മര്‍ദിച്ചുവെന്നാണ് പരാതി. പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബം പറയുന്നത്. അയൂബ് ഖാനും മരുമകനും തമ്മില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ ചെറിയ കയ്യാങ്കളിയുമുണ്ടായി. ഇത് പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അയൂബിനെ അകത്തേക്ക് വിളിപ്പിച്ചപ്പോള്‍ കസേരയില്‍ ഇരുന്നതിന്റെ പേരില്‍ പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് ഭാര്യയുടെ പരാതി. ഒരു ആന്‍ജിയോപ്ലാസ്റ്റിയും രണ്ട് ആന്‍ജിയോഗ്രാമും കഴിഞ്ഞയാളാണ് അയൂബ് ഖാന്‍. മര്‍ദനമേറ്റ അയൂബിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അയൂബിനെ മര്‍ദിച്ചുവെന്ന ആരോപണം പൊലീസ് തള്ളി.