പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്.
അതേസമയം, പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പരാമർശവും രാഹുൽ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കൽ ഡയറക്ഷൻ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാൻ റെക്കോർഡ് ചെയ്തുവെച്ചിട്ടുണ്ട്. മുൻ എംഎൽഎ എന്തിനാണ് രാത്രി വാതിൽ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയിൽ പൊലീസുകാർ ഇത്തരത്തിൽ കയറിയാൽ സിപിഎഐഎം പൊലീസ് സ്റ്റേഷൻ കത്തിക്കില്ലേ? എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങൾ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുൽ മറുപടി നൽകി.