Kerala News

പൊലീസ് ക്വാർട്ടേഴ്സിൽ 13കാരിയുടെ അസ്വാഭാവിക മരണം; ഒരു തുമ്പുമില്ല, പൊലീസ് യാതൊരു താത്പര്യവും കാണിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 13കാരിയുടെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടതോടെ ഇനിയെങ്കിലും സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നഗരമധ്യത്തിലെ പൊലീസ് ക്വാ‍ർട്ടേഴ്സിലെ മരണത്തിൽ പൊലീസിന്റെ അന്വേഷണം ഒട്ടും കാര്യക്ഷമമായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

സ്കൂളിലെ മിടുക്കി. ക്ലാസ് ലീഡർ. പഠനത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച് സഹപാഠികൾക്കും അധ്യാപകർക്കും പ്രിയപ്പെട്ടവൾ. എട്ടാം ക്ലാസിലെ വർഷാവസാന പരീക്ഷയും കഴിഞ്ഞെത്തിയതായിരുന്നു അവൾ. സായാഹ്ന നടത്തവും കഴിഞ്ഞെത്തിയ അമ്മ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ. 2023 മാർച്ച് 30നാണിത്. ചികിത്സക്കിടെ പെൺകുട്ടി മരിച്ചത് കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ്. മസ്തിഷ്ക രക്തസ്രാവമാണ് മരണ കാരണം. 

പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുടെ അസ്വാഭാവിക മരണം. എന്നിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസ് യാതൊരു താത്പര്യവും കാണിച്ചില്ലെന്നാണ് പരാതി. മരണത്തിന് പിന്നാലെ പലതരത്തിലുള്ള പ്രചാരണവും ഉണ്ടായി. പക്ഷെ 11 മാസത്തിനിപ്പുറവും മരണത്തിൽ ഒരു സൂചന പോലും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മറ്റൊരു കേസിൽ സസ്‌പെൻഷനിലായി. അതോടെ കേസന്വേഷണവും വഴിമുട്ടി. 

കേസ് ആദ്യം രജിസ്റ്റർ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. പിന്നീട് സംസ്ഥാന, ജില്ലാ ക്രൈംബ്രാഞ്ചുകള്‍ മാറി മാറി അന്വേഷിച്ചു. എന്നിട്ടും ആരാണ് പ്രതിയെന്ന് കണ്ടെത്താനായില്ല. സിബിഐ അന്വേഷണത്തിലെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Related Posts

Leave a Reply