Kerala News

പൊലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ്

പൊലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെതിരെ വിചിത്ര നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കട്ടപ്പന പോലീസ് കേസെടുത്തു. പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ.

നാലു ദിവസം മുൻപാണ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്‌ഐ പകർത്തിയെന്നും, പിഴയിട്ടാൽ പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിയ്ക്കുമെന്നുമുള്ള അടിയ്ക്കുറിപ്പോടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചത്. കട്ടപ്പന ട്രാഫിക് യൂണിറ്റിലെ വനിതാ എസ്‌ഐയെ കഥാപാത്രമാക്കിയായിരുന്നു കാർട്ടൂൺ. സമൂഹമാധ്യമത്തിൽ പ്രചരിച്ച കാർട്ടൂണിന് അസഭ്യവാക്കുകൾ കമന്റിട്ടവർക്കെതിരെയും കേസെടുത്തു. തനിക്കെതിരേ കേസെടുത്തതിൽ അത്ഭുതം തോന്നുന്നു എന്നാണ് സജിദാസിൻറെ പ്രതികരണം.

സൈബറിടങ്ങളിൽ അപകീർത്തിപ്പെടുത്തൽ , സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അനാവശ്യമായി പിഴയീടാക്കുന്നുവെന്ന് ആരോപിച്ച് എസ്‌ഐയ്ക്ക് എതിരേ നഗരത്തിലേ ഒരു വിഭാഗം വ്യാപാരികൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. അതേസമയം കേസ് അന്വേഷണത്തിന്റെ ഘട്ടത്തിൽ കാർട്ടൂണിസ്റ്റിനെ ഒഴിവാക്കുമെന്നാണ് പോലീസിന്റെ വിശദീകരണം.

Related Posts

Leave a Reply