പശ്ചിമ ബംഗാളിൽ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന ബിജെപി നേതാവ് അറസ്റ്റിൽ. സങ്ക്രെയിലിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഇയാൾ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത 6 പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സന്ദേശ്ഖാലി കേസിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
ബിജെപി നേതാവ് സബ്യസാചി ഘോഷിനെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സൻക്രെയ്ൽ ഏരിയയിലെ ദുലാഗഡിലെ ദേശീയ പാത നമ്പർ 116 ന് സമീപമുള്ള ഹോട്ടൽ നടത്തിയ റെയ്ഡിൽ ബിജെപി നേതാവ് ഉൾപ്പെടെ 11 പേർ പിടിയിലായി. പരിശോധന നടക്കുമ്പോൾ നിരവധി പെൺകുട്ടികൾ സ്ഥലത്തുണ്ടായിരുന്നു, ഇവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീകളെയല്ല, പിമ്പുകളെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് പാർട്ടി ആരോപിച്ചു.