Kerala News Top News

പെരിയാറിൽ അപകടകരമായ അളവിൽ രാസമാലിന്യം കലർന്നിട്ടുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

കൊച്ചി: പെരിയാറിൽ അപകടകരമായ അളവിൽ രാസമാലിന്യം കലർന്നിട്ടുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പരിശോധനാ ഫലം. പെരിയാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടർ ടി വി ശേഖരിച്ച വെള്ളമാണ് പരിശോധിച്ചത്. നൈട്രേറ്റ് , സൾഫേറ്റ് , അമോണിയ എന്നിവയുടെ അളവ് ഞെട്ടിക്കുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.

പെരിയാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളത്തിൻ്റെ 5 സാമ്പിളുകളാണ് റിപ്പോർട്ടർ സംഘം ശേഖരിച്ചത്. ഇവ പരിശോധനയ്ക്ക് നൽകിയത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജല പരിശോധനാകേന്ദ്രത്തിലാണ്. വിശദമായ കെമിക്കൽ പരിശോധനയും മൈക്രോബയോളജി പരിശോധനയുമാണ് നടത്തിയത്. ഇതിന്റെ പരിശോധനാ ഫലം ഞെട്ടിക്കുന്നതാണ്.

വെള്ളത്തിൽ അപകടകാരിയായ അമോണിയയുടെ അളവ് 1 ലിറ്ററിൽ 60 മില്ലി ഗ്രാമാണ്. ലിറ്ററിൽ .5mg ൽ കൂടിയാൽ തന്നെ അപകടമാണ്. നൈട്രേറ്റിൻ്റെ അളവ് ഒരു ലിറ്റർ വെള്ളത്തിലുള്ളത് 139.9 mg ആണ്. ഇത് ലിറ്ററിൽ 45 mgൽ കൂടിയാൽ പ്രശ്നമാണ്. ഹൈഡ്രജൻ സൾഫേറ്റിൻ്റെ അളവ് പെരിയാറിൽ ലിറ്ററിൽ 14297 മില്ലി ഗ്രാമാണ്. അനുവദനീയമായ അളവ് 200 mg/ L ആണെന്നോർക്കണം.

മറ്റ് രാസ മാലിന്യങ്ങളും പുഴയിലെ വെള്ളത്തിൽ യഥേഷ്ടമാണ്. ഇതിൽ ഒരു സാമ്പിളിൽ ഡിസോൾവ്ഡ് ഓക്സിജൻ്റെ അളവ് ഇല്ലേയില്ല. ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡും ഇല്ല. മൈക്രോ ബയോളജി ടെസ്റ്റിൻ്റെ ഫലവും ഞെട്ടിക്കുന്നത് തന്നെ. കോളിഫോമിൻ്റെ അളവ് 2400 CFU. വിസർജ്യത്തിൽ നിന്നുണ്ടാകുന്ന ഫീക്കൽ കോളിഫോമിൻ്റെ അളവ് 2400 CFU ആണ്.

പെരിയാറിൽ കഴിഞ്ഞ മാസം മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതോട് കൂടിയാണ് രാസ മാലിന്യ പ്രശ്‌നം വലിയ ചർച്ചയാകുന്നത്. പ്രദേശത്തെ ഫാക്ടറികൾ നദിയിലേക്ക് മലിന ജലം ഒഴുക്കുന്നതാണ് പ്രശ്‍നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആവശ്യമായ നഷ്ട്ട പരിഹാരവും മൽസ്യ കർഷകർക്ക് നൽകണമെന്ന ആവശ്യവും ഉയർന്നിരുന്നു. അതെ സമയം രാസ മാലിന്യ സാന്നിധ്യം മൂലമല്ല മൽസ്യങ്ങൾ ചത്ത് പൊങ്ങിയത് എന്ന വാദവുമായി മുഖ്യമന്ത്രി നിയമ സഭയിൽ രംഗത്തെത്തിയിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ അങ്ങനെ ഒന്ന് കണ്ടെത്തിയില്ല എന്നും അപ്രതീക്ഷിതമായി ഉണ്ടായ മഴ വെള്ളപാച്ചിലിൽ നദിയിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്നാണ് വിശദീകരണം.

Related Posts

Leave a Reply