Kerala News

പെരിയമ്പലം ബീച്ചിൽ സന്ദർശകരെ നിയന്ത്രിക്കാൻ ആളില്ല; അപകടങ്ങൾ പതിവാകുന്നു

തൃശൂർ: കള്ളക്കടൽ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും മൂലം കടൽ കലിതുള്ളുമ്പോൾ മന്ദലാംകുന്ന്, പെരിയമ്പലം ബീച്ചിൽ  ഇറങ്ങുന്നവരെ നിയന്ത്രിക്കാൻ ആളില്ല. ബീച്ചിലെത്തുന്ന യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ കടലിൽ ഇറങ്ങുന്നതും കുളിക്കുന്നതും വിലയ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. ശക്തമായ മഴയും മഴയോടൊപ്പമുള്ള കാറ്റിൽ  ഉയർന്ന തിര അടിക്കുമ്പോഴും കഴുത്തറ്റം ആഴത്തിൽ കടലിൽ ഇറങ്ങി സെൽഫി എടുക്കാനുള്ള മത്സരമാണ് സന്ദർശകർ. ഇത്തരക്കാരെ നിയന്ത്രിക്കാൻ പൊലീസോ മറ്റ് സംവിധാനങ്ങളോ ബീച്ചിൽ ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം അണ്ടത്തോട് കടലിൽ തിരയിൽപ്പെട്ട വിദ്യാർത്ഥിയെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ അണ്ടത്തോട് കുമാരൻപടി ചെട്ട്യാംവീട്ടിൽ ഗണേശന്‍റെ മകൻ അഭിനേശ് (17) ആണ് തിരയിൽപ്പെട്ടത്. കടലിൽ ശക്തമായ തിരയും കാറ്റും ഉള്ളപ്പോഴാണ് യുവാക്കളുടെ കടലിൽ ഇറങ്ങിയുളള കുളി. ബീച്ചിലേക്ക് സന്ധ്യയോടെ എത്തുന്ന യുവാക്കളാണ് കുളിക്കാനെന്ന പേരിൽ ഇറങ്ങി കടലിൽ അപകടകരമായ കളി നടത്തുന്നത്.ഈയിടെ കടലേറ്റത്തെ തുടർന്ന് കടലിലേക്ക് കടപുഴകി വീണ തെങ്ങിൻ തടികളിലും, കാറ്റാടി മരങ്ങളിലും കൂട്ടമായി കയറി നിന്നുള്ള ഫോട്ടോ, സെൽഫി എടുക്കലും പന്ത് എറിഞ്ഞുള്ള കളിയുമാണ് പ്രധാനം. 

അപകട സാധ്യതയുടെ വിലക്ക് പോലും ചെവിക്കൊള്ളാതെയാണ് ഇവരുടെ അഭ്യാസം. അവധി ദിവസങ്ങളിൽ കൂട്ടത്തോടെ എത്തുന്ന സംഘങ്ങൾ അതിരുവിട്ട പ്രകടനങ്ങളാണ് കടലിൽ നടത്തുന്നത്. ബീച്ചിൽ കുട്ടികളും സ്ത്രീകളുമടക്കം ധാരാളം ആളുകൾ എത്തുമ്പോഴാണ് യുവാക്കളുടെ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ. മദ്യവും മറ്റു ലഹരികളും ഉപയോഗിച്ചാണ് പലരും കടലിൽ ഇറങ്ങുന്നതെന്ന പരാതിയും വ്യാപകമാണ്. അന്യജില്ലകളിൽ നിന്നു പോലും കടൽ കാണാൻ സന്ദർശകർ എത്തുന്നുണ്ടെങ്കിലും മതിയായ സുരക്ഷ ഒരുക്കാൻ അധികൃതർക്കാവുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

Related Posts

Leave a Reply