തൃശ്ശൂര്‍: പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ. എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരെ വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പെരിങ്ങാവിൽ നിതീഷിന്റെ ഉടമസ്ഥതയിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് വിലകൂടിയ വളർത്തുനായകളേയും വിദേശ ഇനത്തിൽപ്പെട്ട പൂച്ചകളേയും മോഷ്ടിച്ചത്. ഒരു ലക്ഷത്തോളം വിലവരുന്ന വളർത്തുമൃഗങ്ങളാണ് മോഷണം പോയത്. കൂട് തുറന്ന് നായക്കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയും ഒപ്പം പൂച്ചകളെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മോഷണത്തിനെത്തിയ പ്രതി മുഖം മറച്ചിരുന്നു. പ്രതികൾ നേരത്തെ ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് പ്രതികളിൽ നിന്ന് മോഷണം പോയ ബൈക്ക് പിടിച്ചെടുത്തത്.