Kerala News

പൂരം കലക്കിയ സംഭവത്തില്‍ ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം വേണം; വീണ്ടും വിമര്‍ശിച്ച് സിപിഐ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ വിഷയത്തിലെ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് വീണ്ടും സിപിഐ മുഖപത്രത്തില്‍ ലേഖനം. ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം അനിവാര്യമാണെന്ന് ജനയുഗം ലേഖനത്തില്‍ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചന പിന്നില്‍ ഉണ്ടെന്ന് നാള്‍ക്കുനാള്‍ വെളിവാകുന്നു. എഡിജിപി അന്വേഷണം നടത്തി കുറ്റഭാരം കമ്മീഷണറുടെ തലയില്‍ വയ്ക്കുന്നതിലെ ഫലിതം ചെറുതല്ലെന്നും ജനയുഗം ലേഖനം വിമര്‍ശിച്ചു.

ആര്‍എസ്എസുമായി പൊലീസ് ഉന്നത മേധാവിയ്ക്കുള്ള ബാന്ധവം എന്താണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരണമെന്നും ജനയുഗം ലേഖനം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രിക്ക് പോലും സംഭവസ്ഥലത്തേക്ക് ചെല്ലാന്‍ കഴിയാത്ത വിധത്തില്‍ വഴിമുടക്കി. സുരേഷ് ഗോപിക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്താന്‍ അവസരം ഒരുക്കുകയും ചെയ്തു. പൂരം കലക്കല്‍ തുടങ്ങുമ്പോള്‍ സുരേഷ് ഗോപിയെ എത്തിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയെന്നു സൂചനയുണ്ട്. പിന്നാലെ സംഘപരിവാറുകാര്‍ പൂരം കലക്കിയത് എല്‍ഡിഎഫും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. പൂരം മുടങ്ങിയതില്‍ ബിജെപിക്ക് തെല്ലും വേദനയും രോഷവും ഇല്ല. ഒരു പ്രസ്താവന പോലും നടത്താത്ത ബിജെപിയും സംഘപരിവാറുകാരും വിശ്വാസവഞ്ചകരാണെന്നും സിപിഐ മുഖപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശനമുണ്ട്.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ഇന്നലെ പി വി അന്‍വര്‍ നടത്തിയത്. തൃശൂരില്‍ ബിജെപിക്ക് സീറ്റുനേടാനാണ് അജിത് കുമാര്‍ പൂരം കലക്കിയതെന്നും ആരുടെയെങ്കിലും നിര്‍ദേശം അനുസരിച്ചാകാം അജിത് ഇത് ചെയ്തതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം വേണ്ടത് ആര്‍ക്കാണോ അവരാകാം പൂരം കലക്കാന്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയത്. അത് ആരെന്ന് താന്‍ പറയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ചോദിക്കണം. തന്റെ വാക്കുകളില്‍ ഇതെല്ലാം ഉണ്ടല്ലോയെന്നും അന്‍വര്‍ പറഞ്ഞു. പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം.

Related Posts

Leave a Reply