Uncategorized

പൂനെ കളക്ടര്‍ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍.

മുംബൈ: പൂനെ കളക്ടര്‍ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍. നേരത്തെ വാശിമിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് പൂജ സുഹാസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. വനിത എന്ന നിലയില്‍ എവിടെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന പൂജയുടെ വാദത്തെ തുടര്‍ന്നാണ് വാശിമിലെ വനിതാ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൂജയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ വാശിം പൊലീസ് സൂപ്രണ്ട് അനുജ് താരെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അധികാര ദുർവിനിയോ​ഗം ആരോപിച്ച് പൂജയെ നേരത്തെ പൂനെയിൽ നിന്ന് വാശിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ജില്ലാ പരിശീലന പരിപാടിയില്‍ നിന്ന് നേരത്തെ പൂജയെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്നു. സ്വന്തം ഔഡി കാറില്‍ നിയമ വിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനെതിരെ പൂനെ കളക്ടര്‍ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂജാ ഖേദ്കറിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഒരു പ്രൊബേഷന്‍ ഓഫീസര്‍ക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് പൂനെ കളക്ടറുടെ ഓഫീസില്‍ നിന്ന് ഖേദ്കറെയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്വകാര്യ ഓഡി കാറില്‍ ചുവപ്പും നീലയും കലര്‍ന്ന ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സ്വകാര്യ കാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന ബോര്‍ഡും പൂജാ ഖേദ്കറെ ഉപയോഗിച്ചുരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വിഐപി നമ്പര്‍ പ്ലേറ്റുള്ള ഔദ്യോഗിക കാര്‍, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവയെല്ലാം ഖേദ്കറെ ആവശ്യപ്പെട്ടതായും പരാതി ഉയര്‍ന്നിരുന്നു.

പൂജയ്ക്കെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും ഉയർന്നിരുന്നു. യൂണിയൻ പബ്ലിക് സർവീസിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നായിരുന്നു ആരോപണം. യു പി എസ് സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നാണ് ആക്ഷേപം. വ്യാജ സർട്ടിഫിക്കേറ്റുകൾ സമർപ്പിച്ചാണ് ഐഎഎസ് നേടിയത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്.

വൈകല്യങ്ങൾ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ആറ് തവണയുംകാരണങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചിരിക്കുകയാണെന്നായിരുന്നു പൂജ പറഞ്ഞത്. ബാക്കി അഞ്ച് തവണയും പലപല കാരണങ്ങൾ പറഞ്ഞാണ് വൈദ്യ പരിശോധനയ്ക്ക് ഹാജരാകാതെ ഒഴിഞ്ഞുമാറിയത്. എന്നാൽ, പകരം സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള എംആർഐ സ്കാനിങ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ യുപിഎസ്സി ഈ സർട്ടിഫിക്കറ്റ് നിരസിച്ചിരുന്നു.

സെൻ‌ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പൂജ സമർപ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്നും യുപിഎസ്സി അറിയിച്ചുവെങ്കിലും പിന്നീട് ഈ എംആര്‍ഐ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്നും സംശയം ഉയരുന്നിരുന്നു. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹത്തിൻ്റെ സമ്പത്ത് 40 കോടി രൂപയുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാർ പറഞ്ഞു. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമിലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി ടിക്കറ്റിൽ ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു.

Related Posts

Leave a Reply