കൽപറ്റ: പുൽപ്പള്ളി അമരക്കുനിയിലെ കടുവക്കായി രാത്രിയിലും തിരച്ചിൽ തുടർന്ന് വനംവകുപ്പ് ദൗത്യ സംഘം. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടരുന്നത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇവിടെവാഹന ഗതാഗതം നിരോധിച്ചു. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയിൽ നാലുകൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയ പിടികൂടാനായിരുന്നില്ല. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കൂട്ടിലേക്ക് കടുവയെ കയറ്റാനുള്ള ദൗത്യമാണ് തുടരുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു.
പിടികൂടാനായി സ്ഥാപിച്ച കൂടിന് സമീപം കടുവ മുൻപ് എത്തിയെങ്കിലും കേബിളിൽ തട്ടി കൂട് അടഞ്ഞുപോയതിനാൽ കടുവ കൂട്ടിലായില്ല. കടുവയുടെ സാന്നിധ്യത്തെ തുടർന്ന് വയനാട് അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍ആര്‍ടി സംഘമാണ് കടുവയെ ട്രാക്ക് ചെയ്യുന്നത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍ സ്ഥലത്ത് ക്യാമ്പുചെയ്താണ് ദൗത്യം ഏകോപിപ്പിക്കുന്നത്.