Entertainment India News

പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയത് സംഘര്‍ഷത്തിന് കാരണമായെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലാണ് സംഭവം.

സന്ധ്യ തീയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തി. താരത്തെ കണ്ടതോടെ ആരാധകര്‍ തീയറ്ററിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. ഈ തിരക്കിനിടയില്‍ പെട്ടാണ് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുന്നത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അല്ലു അര്‍ജുന്റെ സുരക്ഷ സംഘത്തിനെതിരെയും, തീയറ്റര്‍ മാനേജ്‌മെന്റിനെതിരെയും പൊലീസ് കേസെടുത്തു. താരം എത്തുന്നത് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസില്‍ അല്ലു അര്‍ജുനെയും പ്രതി ചേര്‍ക്കും. അതേസമയം ബംഗളൂരുവിലും ആരാധകരുടെ ആവേശം അതിരുവിട്ടു. ഉര്‍വശി തീയറ്ററിലെ പ്രദര്‍ശനത്തിനിടെ സ്‌ക്രീനില്‍ അല്ലു അര്‍ജുനെ കാണിച്ചതോടെ പന്തം കത്തിച്ചായിരുന്നു ആരാധകരുടെ പ്രകടനം. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Related Posts

Leave a Reply