പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചുവെന്ന് പിതാവ് അറിയിച്ചു. കുട്ടിയെ ഓക്സിജൻ, വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയതായും കുട്ടിയുടെ പിതാവ് ഭാസ്കർ പറഞ്ഞു. അല്ലു അർജുനെയും തെലങ്കാന സർക്കാരിനെയും പിന്തുണക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
കുട്ടി കണ്ണു തുറക്കുകയും കൈകാലുകൾ സ്വമേധയാ ചലിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതുവരെ കുടുംബാംഗങ്ങളെ തിരിച്ചറിയാൻകഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച് രേവതിയുടെ മകനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം നിർമാതാക്കളെത്തി കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകിയിരുന്നു. മൈത്രി മൂവിടെ മേക്കേഴ്സ് ആണ് നഷ്ടപരിഹാരം നൽകിയത്.
നേരത്തെ നടൻ അല്ലു അർജുനും കുടുംബത്തിന് സഹായം നൽകിയിരുന്നു. ആശുപത്രിച്ചിലവുകൾ പൂർണമായും ഏറ്റെടുക്കുമെന്നാണ് നടന്റെ ഉറപ്പ്.
നേരത്തെ ഈ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രിമിയർ ഷോ കാണാൻ എത്തിയത്.