Kerala News

പുല്‍പ്പള്ളിയിലെ അതിക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടിലെ പുല്‍പ്പള്ളിയിലുണ്ടായ അക്രമസംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിലും ഉദ്യോഗസ്ഥരെ ആക്രമിച്ചതിലുമാണ് കേസെടുത്തത്. പുല്‍പ്പള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പിലെ തത്കാലിക ജീവനക്കാരന്‍ പോള്‍ കൊല്ലപ്പെട്ടതോടെയാണ് വയനാട്ടില്‍ പ്രതിഷേധമിരമ്പിയത്. ഇന്നലെ രാവിലെ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചപ്പോഴേയ്ക്കും നഗരത്തില്‍ ജനം തടിച്ചു കൂടി. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിനെ കൂടി നഗരത്തില്‍ എത്തിച്ചതോടെ അത് വരെ ഉണ്ടായിരുന്ന സകല നിയന്ത്രണങ്ങളും ഭേദിച്ച് നാട്ടുകാര്‍ വനം വകുപ്പിനും പൊലീസിനുമെതിരെ തിരിഞ്ഞു. ഒടുവില്‍ കൂടുതല്‍ പൊലീസ് സന്നാഹം വിന്യസിച്ചാണ് രംഗം ശാന്തമാക്കിയത്.

ജില്ലാ കളക്ടര്‍ രേണു രാജ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ എന്നിവര്‍ സ്ഥലത്തിയതും ഏറെ വൈകിയാണ്. തുടര്‍ന്ന് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇതിനിടയില്‍ പുല്‍പ്പള്ളി അന്‍പത്തിയാറില്‍ കടുവ പശുവിനെ കൊന്നു. പശുവിന്റെ ജഡവുമായി നാട്ടുകാര്‍ നഗരത്തിലേക്കെത്തിയതോടെ പ്രതിഷേധം കടുത്തു. വനം വകുപ്പിന്റെ വാഹനം പിടിച്ചെടുത്ത പ്രതിഷേധക്കാര്‍ ടയറിലെ കാറ്റഴിച്ചു… ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വാഹനത്തിന് റീത്ത് വച്ച്, കടുവ പാതി തിന്ന പശുവിന്റെ ശരീരം ജീപ്പിന് മുകളില്‍ കെട്ടിവച്ച് പ്രദര്‍ശിപ്പിച്ചു. സ്ഥലത്തെത്തിയ എം എല്‍ എമാര്‍ക്ക് നേരെയും ജനരോഷമുണ്ടായി.

Related Posts

Leave a Reply