തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി വൈ.ആർ റസ്റ്റത്തിനെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. പരാതിക്കാരനായ യാക്കൂബിൽ നിന്ന് ഒന്നേകാൽലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് നടപടി
കേസ് കൃത്യമായി അന്വഷിക്കാനും യാത്രയ്ക്കുമെല്ലാമായി പണ ചെലവുണ്ടെന്നും കൈ നനയാതെ മീൻ പിടിക്കാനാകില്ലെന്നും പരാതിക്കാരനോട് വാട്സാപ്പിൽ സന്ദേശ മയക്കുകയും പണം വാങ്ങുകയും ചെയ്തെന്നാണ് ഡിവൈഎസ്പിയ്ക്ക് എതിരായ പരാതി. തന്‍റെ അടുപ്പക്കാരനായ ലിജു ജോൺ എന്നയാളുടെ ഗൂഗിൾ പേ നമ്പറിലും അനുമോൾ എന്നയാളുടെ നമ്പറിലും 10,000 രൂപ വീതവും എസ്.ഐ സാബുവിന്‍റെ കൈവശം ഒരു ലക്ഷവും വൈ.ആർ റസ്റ്റത്തിന്‍റെ നിർദ്ദേശ പ്രകാരം നൽകിയെന്നായിരുന്നു പരാതി.
ബാങ്ക് ഇടപാടിന്‍റെ രേഖകളും വാട്സ് ആപ് ചാറ്റുകളുമടക്കം വെച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്ന് ചൂണ്ടികാട്ടിയാണ് യാക്കൂബ ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ കഴന്പുണ്ടെന്ന് വിലയിരുത്തിയ കോടതി പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ പുരാവസ്തു കേസിൽ കുറ്റപത്രം നൽകിയ ഡിവൈഎസ്പി റസ്റ്റം സർവ്വീസിൽ നിന്ന് വിരമിച്ചു .
