താര സംഘടനയായ അമ്മയിലെ ഭാരവാഹികളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ പുതുവിപ്ലവത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി. മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. തങ്ങള്‍ ഊന്നല്‍ നല്കുന്ന ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പോസ്റ്റില്‍ ഡബ്ല്യുസിസി സൂചിപ്പിക്കുന്നു. പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒരുമിച്ച് നില്ക്കാം, നമ്മുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി പറയുന്നു. നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണെന്നതും തങ്ങളുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
അമ്മയില്‍ തലമുറ മാറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യവും വേണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡബ്ല്യുസിസിയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി വന്ന ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാലര വര്‍ഷത്തിനിപ്പുറം പുറത്തുവന്നതിന് ശേഷമാണ് അമ്മയിലെ കൂട്ടരാജി. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം സ്ത്രീകള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ലൈംഗിക ചൂഷണങ്ങളും തുറന്നുപറഞ്ഞതോടെ താരസംഘടന പ്രതിരോധത്തിലാകുകയായിരുന്നു.
പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയന് ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസന്, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോള്‍ എന്നിവരാണ് രാജിവച്ചത്.
ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടന്മാരായ ബാബുരാജ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.