പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാന്‍ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെ നിശബ്ദപ്രചാരണം. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പുതുപ്പള്ളിയുടെ വികസനം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ 1,75,605 വോട്ടര്‍മാരാണുള്ളത്. 89,897 സ്ത്രീ വോട്ടര്‍മാരും 85,705 പുരുഷ വോട്ടര്‍മാരും 80 വയസിനു മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരുമാണുള്ളത്. 181 പ്രവാസി വോട്ടര്‍മാരും 138 സര്‍വീസ് വോട്ടര്‍മാരും ഉണ്ട്. 182 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.