പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് ആറിനുശേഷം
കോട്ടയം: ഒരു മാസക്കാലം നീണ്ട പരസ്യ പ്രചരണത്തിനുശേഷം പുതുപ്പള്ളി നാളെ (ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ഇനി സ്ഥാനാർത്ഥികളുടെ ലക്ഷ്യം. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126ാം വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവുമാണ് നടപടി.തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിങ്ങും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് നാല് മുതല്‍ എട്ട് വരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
