Kerala News Top News

പുതിയ പാര്‍ട്ടി രൂപീകരിച്ച് പി വി അന്‍വര്‍ എംഎല്‍എ

പുതിയ പാര്‍ട്ടി രൂപീകരിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. നാളെ മഞ്ചേരിയില്‍ വച്ച് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും. ഡിഎംകെയുടെ ഒരു കക്ഷിയായി അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചേക്കുമെന്നും സൂചനയുണ്ട്.

നാളെ വൈകീട്ട് 6 മണിക്കാണ് മഞ്ചേരിയില്‍ വച്ച് അന്‍വര്‍ വിളിച്ച പൊതുസമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മതേതര പാര്‍ട്ടിയായിരിക്കും പുതിയ പാര്‍ട്ടി എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് എംഎല്‍എയായ അന്‍വറിന് പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും കഴിയുമോ എന്നുള്ള ചര്‍ച്ചകളും സജീവമാകുകയാണ്.ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാര്‍ലമെന്റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്. ‘ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും’- എന്നാണ് ഇതില്‍ പറയുന്നത്.

ഇതുപ്രകാരം പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എംഎല്‍എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം. സ്പീക്കര്‍ അന്‍വറില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കി സ്പീക്കര്‍ക്ക് ഉത്തരവിടാം.

Related Posts

Leave a Reply