Kerala News

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയ സംഭവം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഗവർണർ പറഞ്ഞു. സംഭവത്തിൽ സർക്കാറിനോട് ഗവർണർ അടിയന്തര റിപ്പോർട്ട് തേടി.

ഫോൺ ചോർത്തിയെന്ന് പരസ്യമായി വെളിപ്പെടുത്തിയ പി വി അൻവറിനെതിരെ കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് അൻവർ നടത്തിയത്. ആരോപണങ്ങൾ നിസ്സാരമായി കാണാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ സർക്കാർ നൽകുന്ന റിപ്പോർട്ടിനു ശേഷം ഗവർണർ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.

എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് രാജ് ഭവൻ നിരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാറിനോട് ഗവർണർ റിപ്പോർട്ട് തേടിയത്. അൻവർ ഉന്നയിച്ച് ആരോപണങ്ങളിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാനാണ് നിർദ്ദേശം.ഫോൺ സംഭാഷണങ്ങളിലൂടെ പൊലീസും ക്രിമിനലുകളും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നതെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.

എം ആർ അജിത് കുമാർ എസ് പി സുജിത് ദാസിൻ്റെ സഹായത്തോടെ ഫോൺ ചോർത്തി എന്നാണ് അൻവറിന്റെ പ്രധാന ആരോപണം. മാവോയിസ്റ്റ് മേഖലയായ മലപ്പുറം ജില്ലയിൽ എസ് പിക്കുള്ള അധികാരം സുജിത്ദാസ് ദുരുപയോഗം ചെയ്തു എന്നും അൻവർ ആരോപിച്ചിരുന്നു.

Related Posts

Leave a Reply