Kerala News

പി വി അൻവറിന്റെ പരാതിയിൽ ADGP എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

പി വി അൻവറിന്റെ പരാതിയിൽ ADGP എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ‍ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി കത്തയച്ചു. അന്വേഷണ സംഘത്തിലെ മറ്റുള്ളവർ തന്റെ ജൂനിയർ ഓഫീസർമാരെന്ന് എഡിജിപി കത്തിൽ പറയുന്നു. ഇന്ന് രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് മൊഴിയെടുക്കൽ.

പിവി അൻവറിന് ഒപ്പം എം ആർ അജിത് കുമാറും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പി വി അൻവറിന്റെ പരാതിയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ ഡിജിപി തല അന്വേഷണം തുടരുകയാണ്. വിവാദത്തിനിടെ നാല് ദിവസത്തെ അവധി എഡിജിപി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു.

അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി വി അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ ക്രമസമാധാന ചുമതലയിൽ നിന്ന് എംആർ അജിത് കുമാറിനെ നീക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

Related Posts

Leave a Reply