തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നൽകിയത്. എഡിജിപി എം ആർ അജിത്ത് കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലുള്ളത്. അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും പരാതിയിലുണ്ട്. നേരത്തെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു എഡിജിപി എം ആർ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ രംഗത്തെത്തിയത്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്ത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത്കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പിയായ സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും പി വി അൻവർ ആരോപിച്ചു. എസ്പിയുമായുള്ള ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുകയാണ്. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത്ത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചു. എന്നാൽ ഇരുവരും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തി. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചു. പരാമർശത്തിന് പിന്നാലെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്. കേരളത്തിലുള്ളത് വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. കേരളത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തിൽ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞു. മുഖ്യന്റെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ എംഎൽഎ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ആക്ഷേപങ്ങളും ആരോപണങ്ങളും സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണം സർക്കാരിന്റെ അഭിപ്രായമല്ലെന്നും പി വി അൻവറിന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ കസ്റ്റഡി മരണത്തെ കുറിച്ചുള്ള ആരോപണത്തെ തള്ളിയ മന്ത്രി, പി വി അൻവറിന്റേത് അവസാന വാക്കല്ലെന്നും കൂട്ടിച്ചേർത്തു.