Kerala News

പി വി അന്‍വറിന് എതിരെ നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രിയുടെ പൊളിക്കല്‍ സെക്രട്ടറി പി ശശി

പി വി അന്‍വറിന് എതിരെ നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രിയുടെ പൊളിക്കല്‍ സെക്രട്ടറി പി ശശി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ കെ വിശ്വന്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അന്‍വറിന്റെ പതിനാറ് ആരോപണങ്ങളിലാണ് നോട്ടിസ് അയച്ചത്. ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍ ക്രിമിനല്‍ നടപടി എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സുജിത്ത് ദാസുമായി ബന്ധപ്പെടുത്തി സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിലാണ് പി ശശി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി ശശിയുടെ നോട്ടീസില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനകള്‍ നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ജനങ്ങള്‍ക്ക് മുന്‍പില്‍ കൂടുതല്‍ മോശമാക്കുന്നതിന് പിന്നില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും മുഖ്യമന്ത്രിക്ക് അജിത് കുമാറിനേയും പി ശശിയേയും ഭയമാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണവും പി ശശിയ്ക്കുനേരെ അന്‍വര്‍ തൊടുത്തുവിട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.

Related Posts

Leave a Reply