തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ തീരുമാനം. വസ്തുനിഷ്ഠമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നിര്‍ദേശം നല്‍കി. പി വി അന്‍വറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. ഇന്ന് ചേര്‍ന്ന് അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായാണ് പി വി അന്‍വര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും നേരിട്ട് കണ്ട് പി വി അന്‍വര്‍ പരാതി നല്‍കിയിരുന്നു. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പൊലീസ് സംഘത്തില്‍ അന്‍വര്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. ഡിജിപി ഷെയ്ഖ് ദര്‍വേഷിനാണ് അന്വേഷണ ചുമതല. എന്നാല്‍ എഡിജിപിക്ക് എതിരെയുള്ള അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനത്തിന് വഴിവെച്ചത്. അന്വേഷണ സംഘത്ത മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല, എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ ഇടപെടും, ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിക്കുമെന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.
എം വി ഗോവിന്ദനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശക്തമായ ആരോപണങ്ങളുമായി പി വി അന്‍വര്‍ വീണ്ടും രംഗത്തെത്തിയത്. തന്റെ നീക്കങ്ങള്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ വിപ്ലവമെന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചത്. താന്‍ ഉന്നയിച്ച പൊലീസുകാരുടെ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പൊലീസ് നടത്തിയ സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. സുജിത്ത് ദാസ് ലീവിന് പോയത് കേസ് അട്ടിമറിക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു.