കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ പി പി ദിവ്യയ്ക്കെതിരെ പ്രധാന വകുപ്പുകൾ ഒഴിവാക്കിയാണ് കേസെടുത്തതെന്ന് പരാതി. ജില്ലാ കളക്ടറുടെ മൊഴി അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്താമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകി നൽകിയത്.
ജില്ലാ കളക്ടറുടെ വേദിയിൽ അതിക്രമിച്ച് കയറുക, കളക്ടറേറ്റിലെ യോഗത്തിൽ അനുമതി ഇല്ലാതെ പ്രവേശിക്കുക, തുടങ്ങിയ വകുപ്പുകൾ ചുമത്തിയില്ലെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് ആണ് പരാതി നൽകിയത്.
കളക്ടറുടെ മൊഴി അനുസരിച്ചു കൂടുതൽ വകുപ്പുകൾ ചുമത്താമായിരുന്നു. എന്നാൽ ഈ വകുപ്പുകൾ ഒഴിവാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. കീഴടങ്ങേണ്ടതില്ലെന്നാണ് ഒളിവില്‍ കഴിയുന്ന പി പി ദിവ്യയുടെയും നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. ദിവ്യക്കെതിരായ സംഘടന നടപടിയും വൈകും.