പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ പങ്കാളി മഞ്ജുഷ. പി പി ദിവ്യ ജാമ്യ ഹര്‍ജി നല്കുമ്പോള് കക്ഷിചേരാനാണ് തീരുമാനം. ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരിക്കും കക്ഷിചേരുക. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലും മഞ്ജുഷ കക്ഷി ചേര്‍ന്നിരുന്നു.
കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് മഞ്ജുഷ നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പൊലീസ് നടപടികളില്‍ വിശ്വാസമുണ്ടെന്നും മഞ്ജുഷ പറഞ്ഞു.
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു. പിന്നാലെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാന്‍ഡ് ചെയ്തു.
അതേസമയം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അന്വേഷണസംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോള്‍ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നല്കാന് പി പി ദിവ്യയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടര്‍ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്. വിധി പകര്‍പ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.