പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. ഓണ്‍ലൈനില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അനുമതി നല്‍കിയത്. നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയെ അറിയിച്ചു.
ഇതോടെ ദിവ്യ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെടും. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. നാളെ ജാമ്യാപേക്ഷയില്‍ തീരുമാനം വരാനിരിക്കുന്നതിനിടയിലാണ് നിര്‍ണായക നീക്കം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ആത്മഹത്യാ പ്രേരണാ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് നിലവില്‍ ദിവ്യ. കേസില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, നവീന്‍ ബാബുവിന്റെ ഭാര്യ എന്നിവരുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും. ആഭ്യന്തര അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ മൊഴിയും രേഖപ്പെടുത്തും. ജില്ലാ കളക്ടറുടെ മൊഴി രേഖപ്പെടുത്താന്‍ ഉടന്‍ അനുമതി തേടും. കളക്ടറുടെ മൊഴി കേന്ദ്രീകരിച്ചുള്ള വിവാദത്തിന് പിന്നാലെയാണ് നീക്കം.