Kerala News

പി ജി മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസിൽ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്നാണ് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയത്. തൊഴില്‍ രംഗത്തുള്ള ശത്രുക്കളാണ് ഇതിന്റെ പിന്നിലെന്നാണ് പി ജി മനുവിന്റെ പ്രധാന ആക്ഷേപം. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. ഈ മാസം ആദ്യത്തിലാണ് പി ജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നി‌ൽ. വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നുമായിരുന്നു പി ജി മനുവിൻ്റെ ആരോപണം. കേസിനെ തുട‌ർന്ന് പി ജി മനുവില്‍ നിന്ന് രാജി എഴുതി വാങ്ങിയിരുന്നു.2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാൻ എന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്ന് അഭിഭാഷക പറയുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബർ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് പരാതി നൽകി. ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മർദം ചെലുത്തിയെന്നും പിന്നീട് രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞിരുന്നു.

Related Posts

Leave a Reply