പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ വീണ് മരിച്ച സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കോട്ടോപ്പാടം അക്കരവീട്ടിൽ റഷീദിന്റെ മക്കളായ റമീഷ, നാഷിദാ, റിൻഷി എന്നിവർ ഇന്നലെയാണ് ഭീമനാടുള്ള പെരുങ്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. മൂവരുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കോട്ടോപ്പാടം എന്ന ഗ്രാമം .
ഓണാവധിക്കായി കോട്ടോപ്പാടത്തെ വീട്ടിലേക്ക് എത്തിയ റമീഷയും നാഷിദയും സഹോദരിയായ റിൻഷിക്കൊപ്പം പെരുങ്കുളത്തിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. കൂട്ടത്തിൽ ഒരാൾ കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി. മറ്റ് രണ്ട് പേർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും അപകടത്തിൽപ്പെടുകായായിരുന്നു. സമീപവാസികളുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവ്വരുടെയും മരണം സ്ഥിരീകരിച്ചു.
കൺമുന്നിൽ മക്കൾ മുങ്ങിതാഴ്ന്ന അപകടത്തിന്റെ ആഘാതത്തിലാണ് യുവതികളുടെ പിതാവായ റഷീദ്. മണ്ണാർക്കാട് മദർകെയർ ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു നൽകും.