പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി കൊല്ലത്തെ ആറു വയസുകാരിയുടെ പിതാവ്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും തന്നെയും നഴ്‌സ് സംഘടനയെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും ഹജാരാകുമെന്നും കുട്ടിയുടെ പിതാവ് അറിയിച്ചു. ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത് പഴയ ഫോണാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെയും അച്ഛന്റെയും നമ്പര്‍ കുട്ടിക്ക് അറിയാം വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധരണ നടപടിക്രമമെന്ന നിലയിലാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടി പറഞ്ഞവിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. സംഘത്തിലുള്ള അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് കുട്ടി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.