പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം.
കുട്ടിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ അശോക് മഞ്ചി. കുറച്ചധികം നാളുകളായി ഇവർ ഈ മില്ലിൽ ജോലി ചെയ്തുവരികയാണ്. ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകൽ സി ഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.