കൊൽക്കത്ത: പിജി ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം സിബിഐയ്ക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. തെളിവ് നശിപ്പിക്കും എന്ന ആശങ്ക ഹൈക്കോടതി ശരിവച്ചു. ഫയൽ രാവിലെ 10 മണിക്ക് സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത പൊലീസിനോട് കോടതി പറഞ്ഞു.
പ്രിൻസിപ്പൽ പരാതി നൽകാത്തത് ദുരൂഹമാണെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ നടപടികൾ സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു. കോളജ് പ്രിൻസിപ്പൽ നിർബന്ധിത അവധിയിൽ പോകണമെന്ന് കോടതി ആവശ്യപ്പെട്ടു. കോളജ് പ്രിൻസിപ്പലിന് പുനർ നിയമനം നൽകാൻ സർക്കാരിന് ധൃതിയെന്താണെന്നും കോടതി ചോദിച്ചു. വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ ഹൈക്കോടതിയുടെ രൂക്ഷമായി വിമർശിച്ചു. പ്രിൻസിപ്പലിൻ്റെ രാജിയിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരിൻ്റെ മനസിൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
ഡോക്ടർ ലൈംഗിക പീഡനം നേരിട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെ ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് സ്ഥാനം രാജിവെച്ചിരുന്നു.
ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.
ബംഗാളിലെ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചു. സ്വകാര്യ ഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.