പിഎസ്‌സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഐഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം വേണ്ട ഗൗരവം പരാതിക്ക് നൽകിയില്ലെന്നും
ഇത് ഗുരുതര വീഴ്ചയാണെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ആരോപണത്തെ പൂര്‍ണമായും തള്ളാതെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനത്ത് പിഎസ്‌സി എന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്. അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നിട്ടില്ല. ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.