India News

പാർലമെന്റിലെ കയ്യാങ്കളിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

പാർലമെന്റിലെ കയ്യാങ്കളിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാർലമെന്റിൽ സ്ത്രീകളുടെ അന്തസ്സുയർത്തിപ്പിടിക്കാൻ നടപടി വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മോശം പെരുമാറ്റത്തിൽ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി.ബി.ജെ പി അംഗം ഫാങ്‌നോൺ കൊന്യാക്കിനുണ്ടായ ദുരനുഭവത്തിലാണ് നടപടി. പാർലമെൻറിൽ വനിത അംഗങ്ങളുടെ അന്തസ്സിനും അവകാശങ്ങൾക്കും ഏറ്റ അവഹേളനമെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

ഇന്നലത്തെ കയ്യാങ്കളിയ്ക്ക് പിന്നാലെ പാർലമെന്റ് കവാടത്തിലെ പ്രതിഷേധങ്ങൾക്ക് ലോക്സഭാ സ്പീക്കർ വിലക്കേർപ്പെടുത്തിയിരുന്നു. ഡോക്ടർ ബി ആർ അംബേദ്ക്കറിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷപ്പോരിൽ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസവും പാർലമെന്റ് പ്രക്ഷുബ്ധമായി. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിലേക്ക് പ്രകടനം നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ബിജെപി പ്രതിഷേധം. ഇരുസഭകളും അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു.

ബിജെപി അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെയായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിഷേധം. ബി ജെ പി എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖാർഗയെ പിടിച്ച് തള്ളിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Related Posts

Leave a Reply