Kerala News

‘പാർട്ടിയിൽ നിന്ന് പുറത്താക്കി, അവഗണിച്ചു’; സത്യനാഥന്‍ വധത്തില്‍ പ്രതിയുടെ മൊഴി

കൊയിലാണ്ടിയിലെ സത്യനാഥന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉയർന്ന് വന്ന വ്യക്തിവൈരാഗ്യമെന്ന് റിമാന്റ് റിപ്പോർട്ട്. തന്നെ ഒതുക്കിയതും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചിരുന്നു. നേതാക്കൾക്ക് സംരക്ഷകനായി നിന്ന തനിക്ക് മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തിയെന്നും പ്രതിയുടെ മൊഴി. അവഗണന സഹിക്കാൻ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും റിപോർട്ടിൽ പറയുന്നു. ക്ഷേത്രത്തിൽ സത്യനാഥൻ ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിച്ച് കഴുത്തിന്റെ ഇരു വശത്തും കത്തി കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് കൃത്യം നടത്തിയത്. കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽ ചാടി റോഡിലിറങ്ങി. ഇതേ സമയം കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീൽ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്ക് വേഗത്തിൽ എത്താവുന്ന മാർഗ്ഗത്തിലൂടെ നടന്നു. റെയിൽ സ്റ്റേഷൻ കടന്ന് രാത്രി പതിനൊന്ന് മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ 4 പേർ തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോട് പറഞ്ഞു.

കൊവിഡിന് ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. അവിടുന്ന് വരുമ്പോൾ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നൽകി. എന്തിനാണ് കൊലപാതകം നടത്താൻ ക്ഷേത്രം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങിനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. കൊയിലാണ്ടി കോടതി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply