Kerala News

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്.

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. ടോള്‍ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കാണ് രണ്ടുലക്ഷത്തോളം രൂപവരെ പിഴ അടയ്ക്കാനായി വക്കീല്‍ നോട്ടീസ് എത്തിയിരിക്കുന്നത്. ടോള്‍ കമ്പനിയായ തൃശ്ശൂര്‍ എക്‌സ്പ്രസ് ലിമിറ്റഡിന്റെ പേരില്‍ ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

2022 മാര്‍ച്ച് 9 മുതല്‍ 2024 സെപ്റ്റംബര്‍ ഒമ്പതാം തീയതി വരെയുള്ള കണക്കാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നു പോയ സ്‌കൂള്‍ വാഹനങ്ങള്‍ അനധികൃതമായി ടോള്‍ നല്‍കാതെ കടന്നു പോയി എന്നതാണ് വാദം. മുപ്പതോളം വാഹന ഉടമകള്‍ക്ക് നോട്ടീസ് എത്തിയതായാണ് വിവരം. ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍ അധികം രൂപയും, 12% പലിശയും ഉള്‍പ്പെടെ 15 ദിവസത്തിനകം അടയ്ക്കണം എന്നാണ് നിര്‍ദ്ദേശം. ചിലര്‍ക്ക് 1,90,000ത്തിനു മുകളില്‍ ആണ് പിഴ ചുമത്തിയിരിക്കുന്നത്.

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ അനധികൃതമായി സര്‍വീസ് നടത്തി എന്ന കാരണം കാണിച്ച് ഇത്തരം നിരവധി വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടക്കാത്ത പക്ഷം ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

 

Related Posts

Leave a Reply