Kerala News

പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് ഉറച്ച് പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍

പാലക്കാട്ടെ നീലട്രോളി ബാഗ് വിവാദം സജീവമായി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് ഉറച്ച് പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍. പണം ഇന്നോവാ കാറിലാണോ പെട്ടിയിലാണോ വന്നത് എന്നതല്ല പ്രശ്‌നമെന്നും എത്തിയ പണമാണ് കണ്ടെത്തേണ്ടതെന്നും സരിന്‍ പറഞ്ഞു. ബൂത്തിന് 30,000 എന്ന നിലയില്‍ പണം എത്തിച്ചത് പ്രവര്‍ത്തകരെ സജീവമാക്കാനാണെന്നും സരിന്‍ ആരോപിച്ചു.

പാലക്കാട്ട് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ നിന്ന് ഇപ്പോഴും വിട്ടുനില്‍ക്കുകയാണെന്നും പി സരിന്‍ ചൂണ്ടിക്കാട്ടി. ഈ സമയത്ത് പ്രവര്‍ത്തകരെ സജീവമാക്കാനാണ് പണമെത്തിച്ചത്. ബൂത്തുകളിലേക്ക് കോണ്‍ഗ്രസ് പണമെത്തിച്ചു. പണം ഒഴുകി പ്രവര്‍ത്തകരുടെ ആവേശത്തെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുതെന്നും സരിന്‍ പറഞ്ഞു.

കണക്കില്‍പ്പെടാത്ത പണം എവിടെനിന്ന് വരുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സരിന്‍ പറഞ്ഞു. ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ എതിര്‍ക്കപ്പെടണമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ പാതിരാ റെയ്ഡിന് പിന്നില്‍ ഷാഫി പറമ്പിലിന്റെ ബുദ്ധിയാണെന്ന് സംശയിക്കാന്‍ സാഹചര്യമുണ്ടെന്ന് സരിന്‍ പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് അതല്ല പാര്‍ട്ടി നിലപാടെന്ന് പാലക്കാട്ടെ സിപിഐഎം തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണമെത്തിയെന്ന് ഉറപ്പിച്ച് പറഞ്ഞുള്ള സരിന്റെ പ്രതികരണം. തനിക്കെതിരെ വലിയ ആക്രമണം നടക്കുന്നുണ്ടെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ എഐ സാങ്കേതിക വിദ്യ വരെ ഉപയോഗിക്കുന്നുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply