Kerala News

പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ.

പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. ആശങ്കയില്ലെന്നും കണക്കുകൾ ഭദ്രമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ അഞ്ച് റൗണ്ടിൽ പിടിച്ചു നിൽക്കും. 10,11 റൗണ്ടിൽ ലീഡിലേക്ക് വരും. അവസാന റൗണ്ടിൽ വിജയിക്കുമെന്നും സരിൻ ഉറപ്പിക്കുന്നു. ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രെൻഡ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.

നഗരസഭയിൽ ബിജെപി ലീഡ് ചെയ്തേക്കാം. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫായിരിക്കും. നഗരസഭയിൽ 1500 വോട്ടിന് യുഡിഎഫിൻ്റെ പുറകിൽ പോയാലും പിരിയാരി എണ്ണിക്കഴിയുമ്പോൾ ഇടതുമുന്നണി ജയിക്കും. 179, 180 മെഷീനുകളിലെ ലീഡിൽ ജയിക്കും.

രാഹുലിൻ്റെ വിജയഗാനം തയ്യാറാക്കിയത് ഇവൻ്റ് മാനേജ്മെന്റാണ്. താമര വിരിയുമെന്ന് സി കൃഷ്ണകുമാറിന് പ്രതീക്ഷിക്കാം. പക്ഷെ കണ്ണാടിയിലും മാത്തൂരിലും ഇ ശ്രീധരന് കിട്ടിയ വോട്ട് അദ്ദേഹത്തിന് കിട്ടില്ല. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയം ഉണ്ടാകുമെന്നും സരിൻ കൂട്ടിച്ചേർത്തു.

അതേസമയം ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് പാലക്കാട്ടെ മൂന്ന് മുന്നണികളും. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ബൂത്ത് കണക്കുകള്‍ക്കപ്പുറം ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്ന് നേതൃത്വങ്ങള്‍ക്ക് നന്നായി അറിയാം, അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും.

Related Posts

Leave a Reply