പാലക്കാട് കൂറ്റനാട് ചാത്തനൂരില്‍ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്‍. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാളിദാസന്റെ അകാല നിര്യാണത്തില്‍ അനുശോചിച്ച് ചാത്തനൂര്‍ ജിഎല്‍പി സ്‌കൂളില്‍ തിങ്കളാഴ്ച്ച നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റി.