Kerala News

പാലക്കാട് കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ള; എടിഎമ്മില്‍ എത്തിച്ചും പണമെടുപ്പിച്ചു, ഒടുവില്‍ വഴിയില്‍ ഇറക്കിവിട്ടു

പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. പിരായിരി സ്വദേശി ഉമർ നിഹാൽ, റിനീഷ് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ മോഷണം നടത്തിയ മൂന്നു പ്രതികളെ പത്തു ദിവസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ റോബിൻസൺ റോഡിലാണ് കേസിന് ആസ്‍പദമായ സംഭവം. സെയിൽസ് എക്സിക്യൂട്ടീവായ എറണാകുളം സ്വദേശി മീറ്റിങ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം കാർ തടഞ്ഞു നിർത്തി. ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതികൾ എടിഎമ്മിലെത്തിച്ച് പണം പിൻവലിപ്പിച്ചു. ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും വാച്ചും കവർന്ന് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപം ഇറക്കി വിടുകയായിരുന്നു.

എറണാകുളം സ്വദേശിയുടെ പരാതിയിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Related Posts

Leave a Reply