Kerala News

പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് ജീപ്പിന് നേരെ ആക്രമണം

പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് ജീപ്പിന് നേരെ ആക്രമണം. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ജീപ്പിന്റെ ചില്ല് തകർത്തു. വാണിയംകുളം സ്വദേശി ശ്രീജിത്താണ് ജീപ്പിന്റെ ചില്ല് തകർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ഒറ്റപ്പാലം സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ വാഹനത്തിന്റ ചില്ലാണ് തകർത്തത്. ഒറ്റപ്പാലം പൊലിസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ ചടങ്ങ് സ്റ്റേഷനിൽ നടക്കുന്നതു കൊണ്ട് സ്റ്റേഷനകത്ത് വാഹനം പാർക്ക് ചെയ്യാൻ സാധിക്കാതിരുന്നതിനാൽ പുറത്താണ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് ആ വഴി കടന്നുപോയ ശ്രീജിത്ത് കയ്യിൽ കരുതിയിരുന്ന ഹെൽമറ്റ് കൊണ്ട് വാഹനത്തിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചെറിയ രീതിയിൽ ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായും പൊലീസ് പറഞ്ഞു. വിശദമായി ശ്രീജിത്തിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും എന്തിനാണ് ആക്രമണം നടത്തിയതെന്ന് ഇയാൾ പറഞ്ഞില്ല. ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്ത ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ശ്രീജിത്തിനെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Related Posts

Leave a Reply