പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു. നക്കുപ്പതി ഊരിൽ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ മുലപ്പാൽ കുടിക്കുന്ന സമയത്ത് പാൽ തൊണ്ടയിൽ കുരുങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിനെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു.