പാലക്കാട് അഗളിയില്‍ മഞ്ഞച്ചോല വ്യൂ പോയിന്റ് സന്ദര്‍ശിക്കുന്നതിനിടെ വഴിതെറ്റി മലയില്‍ കുടുങ്ങിയ നാല് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി താഴെയെത്തിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്. മഴ കനത്തതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടുമൂടി വഴിതെറ്റി പോകുകയായിരുന്നു. അഗളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു. മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍, സല്‍മാന്‍,സെഹാനുദ്ദിന്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മഞ്ഞും മഴയും ഒരുമിച്ച് കാണാനായി വൈകീട്ടോടെയാണ് വിദ്യാര്‍ത്ഥികള്‍ വ്യൂ പോയിന്റിലെത്തിയത്. ശക്തമായ മഴയുള്ളതിനാല്‍ ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് യുവാക്കള്‍ മലമുകളിലേക്ക് കയറിയത്.
എടത്തനാട്ടുകര സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് മലയില്‍ കുടുങ്ങിയത്. രാത്രി 7.30ഓടെയാണ് വിദ്യാര്‍ത്ഥികള്‍ മലയില്‍ കുടുങ്ങിയത്. മലയില്‍ കുടുങ്ങിയതായി വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയുമായിരുന്നു.