പാലക്കാട്ടെ റെയ്ഡ് വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ . നീല ട്രോളി ബാഗുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍. ബാഗില്‍ പണം ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. നീല ബാഗിലാണ് പണം എത്തിച്ചതെന്നാണ് സിപിഐഎം ആരോപണം. പാലക്കാട് റെയ്ഡ് നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
രാത്രി 10.11നാണ് ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാലയും കെപിഎം ഹോട്ടലിലേക്ക് വരുന്നത്. 10.13ന് ശ്രീകണ്ഠന്‍ വാഷ്രൂമിന്റെ ഭാഗത്തേക്ക് പോകുന്നു. 10.39നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറി വരുന്നത്. 10.42ന് ഫെനി നൈനാന്‍ വരുന്നു. രാഹുലിനെ ഫെനി നൈനാന്‍ റൂമിലെത്തിച്ച ശേഷം അവിടെനിന്ന് ഒരു പെട്ടി എടുത്തെന്ന് സൂചനയുണ്ട്. 10.51ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചുവരുന്നു. 10.53ന് ഫെനി നൈനാന്‍ ഹോട്ടലില്‍ നിന്ന് പോകുന്നു. 10.54ന് നീല ട്രോളി ബാഗുമായി ഫെനി തിരിച്ചുവരുന്നു ശേഷം 10.59ന് രാഹുല്‍ പുറത്തേക്ക് പോകുന്നു. ഇതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ആദ്യം എടുക്കാതിരുന്ന ട്രോളി ബാഗ് പിന്നീട് എടുത്തത് എന്തിനെന്ന ചോദ്യമാണ് ദൃശ്യങ്ങളില്‍ നിന്ന് ഉയരുന്നത്. കോണ്‍ഫറന്‍സ് റൂമില്‍ 11.30വരെ നേതാക്കള്‍ ഉണ്ടായിരുന്നു. കോണ്‍ഫറന്‍സ് ഹാളിലേക്ക് ഡ്രസ് ഉള്‍പ്പെടുന്ന ബാഗ് എന്തിന് കൊണ്ടുപോയെന്നാണ് സിപിഐഎം നേതാക്കള്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. എന്നാല്‍ ബാഗില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ പ്രചാരണം അവസാനിപ്പിക്കാമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി.